തെന്മല : ബോട്ടുകളുടെ ഡ്രൈ ഡോക്ക് പരിശോധന പൂര്‍ത്തിയായതോടെ തെന്മല ഇക്കോടൂറിസത്തില്‍ ബോട്ടിംഗ് പുനഃരാരംഭിച്ചു. മൂന്നുവര്‍ഷം കൂടുമ്പോഴുള്ള ഡ്രൈ ഡോക്ക് പരിശോധനയ്ക്കുവേണ്ടി കഴിഞ്ഞ മാസമാണ് ശെന്തുരുണി, ഉമയാര്‍, പാലരുവി ബോട്ടുകള്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചത്.
ചീഫ് സര്‍വേയര്‍ ഓഫ് കേരള പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ബോട്ടിന്റെ അടിഭാഗം ഉള്‍പ്പടെ പരിശോധിച്ചിരുന്നു. ചായം പൂശി, ബോട്ടിനുള്ളിലെ സീറ്റ് വൃത്തിയാക്കുന്ന ജോലിയുള്‍പ്പടെ പൂര്‍ത്തിയാക്കിയാണ് ബോട്ടുകള്‍ വീണ്ടും കഴിഞ്ഞദിവസം വെള്ളത്തിലിറക്കിയത്.
കല്ലട അണക്കെട്ടിനുള്ളില്‍ പള്ളംവെട്ടി എര്‍ത്ത് ഡാമിലുള്ള അരമണിക്കൂറത്തെ ബോട്ടിങ് ഇക്കോടൂറിസത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. 629 രൂപയുടെ പാക്കേജ് ടിക്കറ്റെടുക്കുന്നവര്‍ക്ക് ബോട്ടിംഗിന് പുറമേ അഡ്വഞ്ചര്‍ സോണ്‍, തൂക്കുപാലമുള്പ്പെടുന്ന ലെഷര്‍ സോണ്‍, ചിത്രശലഭ സഫാരിപാര്‍ക്ക്, മാന്‍ പാര്‍ക്ക് ഉള്‍പ്പടെയുള്ളവ ആസ്വദിക്കാനാകും. 23 പേരെ ഉള്‍ക്കൊള്ളാവുന്ന രണ്ട് ബോട്ടുകളും എട്ടുപേര്‍ക്ക് യാത്രചെയ്യാവുന്ന ഒരു ബോട്ടുമാണ് സര്‍വീസ് നടത്തുന്നത്.